Friday, April 25, 2014

പുസ്തകം 6 : To Kill A Mockingbird - Harper Lee

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് പുസ്തകങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ നിൽക്കുന്ന പുസ്തകമാണ് Harper Lee എഴുതിയ "To Kill A Mockingbird". ഈ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ എൻറെ  മനസ്സിൽ തങ്ങി നിന്ന ഒരു പ്രധാന ചിന്ത, Atticus Finch - നെ പോലെ ഒരാളെ ജീവിതത്തിൽ പരിചയപ്പെടാൻ ആയിരുന്നെങ്കിൽ എന്നാണ്. അത്രയും ശക്തമായ സ്വാധീനമാണ്,  ഈ നോവലിലെ നായക കഥാപാത്രമായ Atticus വായനക്കാരുടെ മനസ്സിൽ ചെലുത്തുന്നത്. അമേരിക്കയിൽ വർണ്ണ വിവേചനം കോടി കുത്തി വാഴുന്ന ഒരു കാലഘട്ടത്തിലാണ് നായകനായ Atticus finch ജീവിക്കുന്നത്. മേരി കോംബ് എന്ന കൊച്ചു ഗ്രാമത്തിൽ ഒരു വക്കീലായി പ്രാക്ടീസ് ചെയ്യുകയാണ് അദ്ദേഹം. Atticus നു രണ്ടു മക്കളാണുള്ളത്, "Scout" എന്ന് വിളിക്കപ്പെടുന്ന "Jean Louis", "Jem" എന്ന് വിളിക്കപ്പെടുന്ന "Jeremy finch".

താൻ സത്യമെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി ഇത്ര ശക്തമായി, അതെ സമയം പ്രഹസനങ്ങൾ കൂടാതെ നില കൊള്ളുന്ന ഒരു കഥാപാത്രത്തെ,  മറ്റൊരു നോവലിലും ഞാൻ കണ്ടിട്ടില്ല.അത് തന്നെയാണ് ഈ നോവൽ എന്റെ ഹൃദയത്തോട് അടുത്ത് നിൽക്കാൻ പ്രധാന കാരണം.

വളരെ രസകരമായ ഒരു ആഖ്യാന ശൈലിയാണ് ഈ നോവലിന്റേത്.കഥ നടക്കുമ്പോൾ 8 വയസ്സ് മാത്രം പ്രായമുള്ള, Scout (Atticus Finch ന്റെ മകൾ) ആണ് കഥ പറയുന്നത്. നോവലിന്റെ ആദ്യ ഭാഗത്ത് കുട്ടിത്തത്തിന്റെ നിഷ്കളങ്കതയും കളികളുമായി, ഒരു Fairy World ൽ ജീവിക്കുന്ന സ്കൌട്ട്, പതിയെ പതിയെ തന്റെ ചുറ്റുമുള്ള യാഥാർത്യങ്ങളെ അടുത്തറിയുകയാണ്. പലതും അവൾക്കു മനസ്സിലാകുന്നില്ല, പലതു അവളെ അമ്പരപ്പിക്കുന്നു.  കെട്ടിച്ചമക്കപ്പെട്ട(?) ഒരു ബലാത്സംഗ കേസിൽ അറസ്റ്റിൽ ആകുന്ന ഒരു കറുത്ത വർഗക്കാരന്റെ ഭാഗം വാദിക്കാനുള്ള ചുമതല Atticus നു വന്നു ചേരുന്നു.സമൂഹവും, എന്തിനു സ്വന്തം സഹോദരങ്ങൾ പോലും എതിർത്തിട്ടും, അദ്ദേഹം കേസുമായി മുന്നോട്ടു പോകുകയാണ്. നീതി എന്തോ അത് നടക്കും എന്നെ ഉത്തമ വിശ്വാസത്തിൽ. ഒരിക്കൽ പോലും അദ്ദേഹം ചഞ്ചലചിത്തൻ ആകുന്നില്ല. ഇത്ര ഗൗരവമുള്ള ഒരു വിഷയം, ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീക്ഷണത്തിൽ നിന്നുകൊണ്ട് പറയുക, അതും കഥയുടെ അന്തസത്തയോ, വ്യക്തതയോ, സ്വാഭാവികതയോ നഷ്ടപ്പെടാതെ തന്നെ. ഈ നോവലിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു വസ്തുതയാണത്.

ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്ന്, സമൂഹത്തിലെ അസമത്വങ്ങളുടെയും, അനീതികളുടെയും, പൊള്ളുന്ന യാഥാർത്യങ്ങളിലെയ്ക്കു രണ്ടു കുട്ടികളുടെ യാത്രയാണ് ഈ നോവലെന്നു പറയാം. ആ യാത്രയിൽ അവർക്ക് തുണയായി ഉള്ളത് Atticus Finch എന്ന നീതിമാനും,സ്നേഹസമ്പന്നനുമായ പിതാവാണ്. സമൂഹത്തിലെ തിന്മകൾ, ഒരിക്കലും തന്റെ മക്കളുടെ മനസ്സ് മടുപ്പിക്കരുതെന്ന
ലക്‌ഷ്യം ആ പിതാവിനുണ്ട്. നന്മയുടെ അംശങ്ങൾ ഈ ലോകത്ത് നിലനില്ക്കുന്നു എന്ന് അവർക്ക് കാണിച്ചു കൊടുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. അത് തെളിയിക്കുന്ന പലരെയും അവർ കണ്ടു മുട്ടുകയും ചെയ്യുന്നു.   വളരെ ഗൌരവമേറിയ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ തന്നെ, ഒരു light mood നിലനിർത്താൻ ഈ നോവലിന് ആകുന്നുണ്ട്. ഒരു കുട്ടി കഥ പറയുമ്പോൾ കിട്ടുന്ന ഒരു freshness ആകണം അതിനു കാരണം.

 American Film Institute ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച നായകനായി തിരഞ്ഞെടുത്തിരിക്കുന്നത് Atticus  Finch നെയാണ്. (ഇവിടെ വായിക്കാം)  
ഈ നോവൽ  വായിച്ചു കഴിഞ്ഞപ്പോൾ  അത് വളരെ കൃത്യമായ ഒരു തെരഞ്ഞെടുപ്പ് ആയിരുന്നെന്നു എനിക്ക് തോന്നുന്നു. മറ്റൊന്നിനും വേണ്ടി അല്ലെങ്കിലും, Atticus Finch എന്ന വ്യക്തിത്വത്തെ പരിചയപ്പെടാൻ വേണ്ടി മാത്രമെങ്കിലും എല്ലാവരും ഈ നോവൽ വായിച്ചിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഒരാളെ പരിചയപ്പെടാൻ ഒരിക്കലും കഴിഞ്ഞില്ലെന്നു വരാം!

ഇഷ്ടപ്പെട്ട ഉദ്ധരണി: "The one thing that doesn't abide by majority rule is a person's conscience - Atticus Finch"


Sunday, March 16, 2014

പുസ്തകം 5 : Great Expectations - ചാൾസ് ഡിക്കെൻസ്

ചില സമയങ്ങളിൽ,നമുക്ക് വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകത്തിൽ താത്പര്യം നഷ്ടപ്പെടുകയും, വായന പകുതിയിൽ വച്ചു മുറിഞ്ഞു പോകുകയും ചെയ്യാറുണ്ട്. ആഴ്ചകൾക്കോ മാസങ്ങൾക്കോ  ശേഷം വീണ്ടും ആ പുസ്തകം വായിക്കാൻ ഇട വരുമ്പോൾ, കഴിഞ്ഞ തവണ ഈ പുസ്തകം മാറ്റി വച്ചത് എന്തിനാണെന്ന് ഒരു എത്തും പിടിയും കിട്ടില്ല. ചാൾസ് ഡിക്കെൻസിന്റെ "Great Expectations" അത്തരത്തിൽ ഒരു പുസ്തകമാണ്. ആദ്യ വായനയിൽ  ഒന്നോ രണ്ടോ അദ്ധ്യായം കഴിഞ്ഞപ്പോൾ തന്നെ എനിക്ക് വളരെ വിരസത അനുഭവപ്പെട്ടു. പിന്നീട് കുറെ ദിവസങ്ങൾക്കു  ശേഷം വീണ്ടും വായിക്കാൻ ഒരു ശ്രമം നടത്തി നോക്കി. ആ ശ്രമം വിജയിച്ചു എന്ന് മാത്രമല്ല വളരെ നല്ലൊരു വായനാ അനുഭവം  സമ്മാനിക്കാനും ഈ പുസ്തകത്തിനു സാധിച്ചു. വായിക്കാതെ വിട്ടിരുന്നെങ്കിൽ നഷ്ടമാകുമായിരുന്ന ഒരു പുസ്തകമാണ്  "Great Expectations".

ഇനി പുസ്തകത്തിന്റെ സംഗ്രഹത്തിലേയ്ക്കു കടക്കാം.
great expectations ലെ കഥാനായകൻ  "പിപ്പ്" എന്ന് വിളിക്കപ്പെടുന്ന "ഫിലിപ്പ്" ആണ്. പിപ്പിന്റെ ബാല്യം മുതൽ യൗവനത്തിന്റെ അവസാന ഘട്ടം വരെയുള്ള കഥയാണ് great expectations. ഇത്തരത്തിൽ ബാല്യം മുതല്ക്കുള്ള കഥാ നായകൻറെ ജീവിത കഥ പറയുന്ന നോവലുകളെ  bildungsroman(ജർമൻ വാക്ക് ) അല്ലെങ്കിൽ  coming-of-age story എന്നാണ് വിളിക്കുന്നത്.

ഈ നോവൽ ആരംഭിക്കുമ്പോൾ പിപ്പ് ഒരു ചെറിയ കുട്ടിയാണ്. ശൈശവത്തിൽ തന്നെ മാതാ പിതാക്കളെ നഷ്ടപ്പെട്ട പിപ്പിനെ സംരക്ഷിക്കുന്നത് ക്ഷിപ്രകോപിയായ മൂത്ത സഹോദരിയും  അവരുടെ ഭർത്താവ് Joe Gargery യും ആണ്. വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും കുലീനനും വാത്സല്യനിധിയുമാണ് ജോ. നോവലിന്റെ ആദ്യ  കുറച്ച് ഭാഗത്ത്  കാര്യമായ സംഭവ വികാസങ്ങൾ ഒന്നുമില്ലാതെ പുരോഗമിക്കുന്ന പിപ്പിന്റെ ജീവിതം പൊടുന്നനെ സംഭവ ബഹുലമാകുന്നു. തന്റെ ഗ്രാമത്തിന്റെ അതിർത്തി പ്രദേശത്തെ ആളൊഴിഞ്ഞ ചതുപ്പിൽ വച്ചു, ജയിൽ ചാടിയ ഒരു കുറ്റവാളിയെ പിപ്പ് കണ്ടു മുട്ടുന്നു. ആ കുറ്റവാളിയുടെ ഭീഷണിയ്ക്കു വഴങ്ങി പിപ്പ് അയാൾക്ക്‌ ഭക്ഷണവും, വിലങ്ങു  മുറിച്ചു മാറ്റാനുള്ള ആയുധവും എത്തിച്ചു കൊടുക്കുന്നു. പോലീസ് പിന്നീടു ആ കുറ്റവാളിയെ  അറസ്റ്റ് ചെയ്യുന്നു. താനാണ് കുറ്റവാളിയെ പോലീസിനു കാണിച്ചു കൊടുത്തതെന്ന് അയാള് കരുതുമെന്നും, പ്രതികാരം ചെയ്യാൻ അയാള് തിരിച്ചു വരുമെന്നും  പിപ്പ് ഭയപ്പെടുന്നെങ്കിലും അങ്ങനെ ഒന്നും സംഭവിക്കുന്നില്ല. ഈ സംഭവം കൊച്ചു പിപ്പ് വളരെ പെട്ടെന്ന് തന്നെ മറക്കുന്നു (കൂടെ വായനക്കാരും! ). പിപ്പിന്റെ ജീവിതം പണ്ടത്തെ പോലെ ശാന്തമായി ഒഴുകി തുടങ്ങുന്നു.പിപ്പിന്റെ ജീവിതത്തിലെ അടുത്ത വഴിത്തിരിവ് സംഭവിക്കുന്നത്, മിസ്സ്‌ ഹവീഷാം(Miss Havisham) എന്ന ധനികയായ വൃദ്ധ തന്റെ മാളികയിലേക്ക്‌ പിപ്പിനെ  കൊണ്ട് വരുമ്പോഴാണ്. ബാഹ്യ ലോകത്ത് നിന്ന് അകന്നു, ദുരൂഹമായ ഒരു ജീവിതം നയിക്കുന്ന വ്യക്തിയാണ് ഹവിഷാം. തന്റെ വളർത്തു മകളായ എസ്റ്റെല്ലയും പിപ്പും ചീട്ടു കളിക്കുന്നത് കണ്ടിരിക്കുന്നതാണ് ഹവിൻഷാമിന്റെ ഒരു  വിനോദം.തന്റെ സമപ്രായയാണ് എസ്റ്റെല്ലയെങ്കിലും, അവളും താനും തമ്മിൽ വളരെയേറെ അന്തരമുണ്ടെന്നു പിപ്പിനു ബോധ്യപ്പെടുന്നു. ധനവാനും പാവപ്പെട്ടവനും തമ്മിലുള്ള വ്യത്യാസം. താൻ വളരെ താഴെക്കിടയിൽ ഉള്ളവനാണെന്ന് പിപ്പിനു ആദ്യമായി മനസ്സിലാകുന്നു. ധനത്തിനും, മഹത്വത്തിനും വേണ്ടിയുള്ള പിപ്പിന്റെ അടങ്ങാത്ത ത്വര അവൻ അറിയാതെ തന്നെ അവിടെ ആരംഭിക്കുന്നു."ഗ്രേറ്റ്‌ എക്സ്പെറ്റേഷൻസ്(മഹത്തായ പ്രതീക്ഷകൾ)"  എന്ന നോവലിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ.പിന്നീട് പല തവണ പിപ്പ് ഹവിൻഷാമിന്റെ മാളികയിൽ പോകുന്നു.ക്രമേണ എസ്റ്റല്ലയോട് അവനു പ്രണയം തോന്നുന്നു.എസ്റ്റല്ല ആകട്ടെ കഴിയുന്ന സന്ദർഭങ്ങളിലെല്ലാം പിപ്പിനെയും അവന്റെ ദാരിദ്ര്യത്തെയും പരിഹസിക്കാനാണ് ശ്രമിക്കുന്നത്.

മിസ്സ്‌ ഹവിൻഷാമിന്റെ വീട്ടിലെ സന്ദർശനങ്ങൾ അവസാനിപ്പിച്ച്,  പിപ്പ് തന്റെ സഹോദരീ ഭർത്താവായ ജോയുടെ കൂടെ കൊല്ലപ്പണി പഠിക്കാൻ കൂടുന്നു. പക്ഷെ,  തന്റെ സാഹച്യങ്ങളോടും തന്റെ ഇടയിൽ ജീവിക്കുന്നവരോടും പിപ്പിനു പുഛം തോന്നുന്നു. ഈ അവസ്ഥയിൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങുമ്പോഴാണ് അടുത്ത വഴിത്തിരിവുണ്ടാകുന്നത്.പിപ്പിനെ അജ്ഞാതനായ ഒരു ധനികൻ ദത്തെടുത്തു പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന വാർത്തയുമായി, ജാഗ്ഗേർസ്സ് എന്ന വക്കീൽ ജോയെ സമീപിക്കുന്നു.താൻ ആരാണെന്ന് പിപ്പ് അറിയരുതെന്ന് ദത്തെടുക്കുന്നയാൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വക്കീൽ പറയുന്നു.തന്റെ സാഹചര്യങ്ങളിൽ നിന്ന് ഏത് വിധേനയും രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന പിപ്പ് തന്റെ രക്ഷിതാവ് എന്ത് കൊണ്ട് അജ്ഞാതനായി ഇരിക്കാൻ ആഗ്രഹിക്കുന്നു എന്ന് ചിന്തിക്കുന്നില്ല. (ഹവിഷാം അല്ലാതെ മറ്റാരും ആയിരിക്കില്ല അതെന്ന തികഞ്ഞ ബോധ്യം പിപ്പിനുള്ളത് കൊണ്ടാകാം അത്) തന്റെ ഗ്രാമത്തെയും ദരിദ്രരായ ബന്ധുക്കളെയും ഉപേക്ഷിച്ച് പിപ്പ് ലണ്ടൻ നഗരത്തിലേക്ക് വലിയ പ്രതീക്ഷകളുമായി കുടിയേറുന്നു.എന്നാൽ പിപ്പിന്റെ വലിയ പ്രതീഷകളെ എല്ലാം തകിടം മറിക്കുന്ന സംഭവങ്ങളാണ് അവന്റെ ലണ്ടൻ ജീവിതത്തിൽ സംഭവിക്കുന്നത്. തന്റെ അജ്ഞാതനായ രക്ഷകർത്താവിനെ കുറിച്ച്, തന്നെ ദത്തെടുക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച്, എസ്റ്റല്ലെയെക്കുറിച്ച് എന്ന് വേണ്ട തന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന എല്ലാ മഹത്തായ പ്രതീക്ഷകളും മാറി മറിയുന്നത് പിപ്പിനു കാണേണ്ടി വരുന്നു. അവയെ പിപ്പ് എങ്ങനെ നേരിടുന്നു എന്നതാണ് നോവലിന്റെ തുടർന്നുള്ള സംഗ്രഹം.

വായനാ അനുഭവം : ആദ്യ ഭാഗം അല്പം വിരസമായി നീങ്ങുമെങ്കിലും, പിന്നീട് വായനക്കാരെ മുൾമുനയിൽ നിർത്തുന്ന ആഘ്യാനമാണ് ഈ നോവലിന്റെ പ്രത്യേകതയായി എനിക്ക് തോന്നിയത്. പിപ്പ് നമ്മുടെ കൂടെ ജീവിക്കുന്നത് പോലെ ഒരു തോന്നൽ. പ്രണയവും, ദാരിദ്ര്യവും, പ്രതീക്ഷകളും ഒരാളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളും, അതിനിടയിലും സ്വന്തം സത്വവും മനസാക്ഷിയും അനുസരിച്ച് ജീവിക്കുന്ന മനുഷ്യരും ആണ് ഈ നോവലിന്റെ ഹൈലൈറ്റ്. മിസ്സ്‌ ഹവിഷാമിന്റെ ദുരൂഹമായ ഭൂതകാലത്തെ കുറിച്ചു വായിക്കുമ്പോൾ, ദുരന്തങ്ങൾ മനുഷ്യ മനസ്സിൽ ഉളവാക്കുന്ന സ്വാധീനം എത്ര വലുതാണെന്ന് തോന്നി.

ഏറ്റവും ഇഷ്ടപ്പെട്ട ഉദ്ധരണി: "Ask no questions, and you'll be told no lies"

Sunday, March 9, 2014

പുസ്തകം 4 - അന്ന കരനീന - ലിയോ ടോൾസ്റ്റോയി

വിദേശ ഭാഷാ പുസ്തകങ്ങളെ കുറിച്ചു ആദ്യമായി  കേട്ട് തുടങ്ങിയ കാലം മുതൽ വായിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു പുസ്തകമാണ്  ലിയോ ടോൾസ്റ്റോയിയുടെ അന്ന കരനീന. റഷ്യൻ പശ്ചാത്തലത്തിൽ, പ്രണയവും, രാഷ്ട്രീയവും, കുടുംബവും മുഖ്യവിഷയമാക്കുന്ന നോവലാണ്‌ അന്ന കരനീന. നോവലിന്റെ ആദ്യ വരി തന്നെ വളരെ ശ്രദ്ധേയമാണ്.

 " Happy families are all alike; every unhappy family is unhappy in its own way." - വളരെയധികം ഉദ്ധരിക്കപ്പെടുന്ന വരികളാണിവ. കഥാ നായികയായ അന്നയുടെ(Anna Arkadyevna Karenina) സഹോദരനായ "സ്റ്റീവ"(Prince Stepan "Stiva" Arkadyevich Oblonsky) യുടെ തകരാൻ തുടങ്ങുന്ന കുടുംബജീവിതം വിവരിച്ചു കൊണ്ടാണ് ഈ നോവൽ തുടങ്ങുന്നത്. തുടർന്ന്, നോവൽ കഥാ നായികയായ അന്നയിലേയ്ക്കും അവരുടെ കുടുംബ ജീവിതത്തിലേയ്ക്കും തിരിയുന്നു. അസംതൃപ്തമായ കുടുംബ ജീവിതം നയിക്കുന്ന കുലീനയായ ഒരു റഷ്യൻ യുവതിയാണ് അന്ന. അന്നയുടെ ഭർത്താവ് കരനീൻ(Count Alexei Alexandrovich Karenin) റഷ്യൻ രാഷ്ട്രീയ രംഗത്തെ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്. തന്നെക്കാൾ ഇരുപതു വയസ്സോളം മൂത്ത ഭർത്താവിൽ പ്രണയം കണ്ടെത്താൻ അന്നയ്ക്കു സാധിക്കുന്നില്ല. ഈ അവസരത്തിലാണ് റോന്സ്കി(Count Alexei Kirillovich Vronsky) എന്ന പട്ടാള ഉദ്യോഗസ്ഥൻ അന്നയിൽ അനുരക്തനാകുന്നത്. റോന്സ്കി പ്രണയം തുറന്നു പറയുമ്പോൾ വല്ലാത്തൊരു ധർമ സങ്കടത്തിൽ അകപ്പെടുകയാണ് അന്ന.

അന്നയുടെയും റോന്സ്കിയുടെയും കഥയ്ക്ക്‌ സമാന്തരമായി പോകുന്ന മറ്റൊരു കഥയും ഈ നോവലിൽ വിവരിക്കുന്നു. അത് ലെനിൻ(Konstantin "Kostya" Dmitrievich Levin) എന്ന ധനവാനായ കർഷകന്റെയും അയാള് സ്നേഹിക്കുന്ന കിറ്റി(Princess Ekaterina "Kitty" Alexandrovna Shcherbatskaya) യുടെയും കഥയാണ്. അന്നയുടെ കഥയ്ക്ക്‌ ഒരു കോണ്‍ട്രാസ്റ്റ് എന്ന നിലയിലാണ് ലെനിന്റെയും കിറ്റിയുടെയും കഥ പുരോഗമിക്കുന്നത്.അന്ന റോന്സ്കിയിൽ അനുരുക്തയാണെങ്കിലും, താൻ ഒരു ഭാര്യയും അമ്മയുമാണെന്ന സത്യം അയാളിൽ നിന്ന് അകന്നു നിൽക്കാൻ അന്നയെ ആദ്യം പ്രേരിപ്പിക്കുന്നു. അന്നയെ  കൂടാതെ ഒരു ജീവിതം സാധ്യമല്ലെന്ന നിലപാടിൽ നിന്ന് റോന്സ്കിയും  അല്പം പോലും പുറകോട്ടു പോകുന്നില്ല. സമൂഹവും കുടുംബവും സൃഷ്ടിച്ച മതില്ക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങാൻ അന്ന പരമാവധി ശ്രമിക്കുന്നെങ്കിലും ഒടുവിൽ അനിവാര്യമായ ഒരു ദുരന്തം എന്ന പോലെ, പ്രണയം അവളെ വിഴുങ്ങുകയാണ്. തന്റെ കുടുംബത്തെ ഉപേക്ഷിക്കാൻ അതവളെ പ്രേരിപ്പിക്കുന്നു. ആ പ്രണയം അവൾക്കു സമ്മാനിക്കുന്നത് ദുരന്തങ്ങൾ മാത്രമായിരുന്നു. അതിനു കാരണക്കാരൻ പക്ഷെ റോന്സ്കി ആയിരുന്നില്ല താനും. അന്നയുടെ പ്രത്യക്ഷത്തിൽ തകർന്നടിഞ്ഞ കുടുംബ ജീവിതം , ലെനിന്റെയും കിറ്റിയുടെയും സ്വർഗ്ഗ സമാനമായ കുടുംബ ജീവിതവുമായി തട്ടിച്ചു നോക്കാൻ വായനക്കാരന ഓരോ നിമിഷവും പ്രേരിപ്പിക്കപ്പെടുന്നു. അന്ന ചെയ്തത് ശരിയോ തെറ്റോ എന്നൊരു തീരുമാനം എടുക്കാൻ അവസാന നിമിഷം വരെ എനിക്ക് സാധിച്ചില്ല. ഓരോരുത്തരുടെയും കാഴ്ച്ചപ്പാടിനനുസരിച്ച് ഈ തീരുമാനം മാറും എന്ന്  തോന്നുന്ന. സമ്പന്നനും മാന്യനുമായ, പ്രത്യക്ഷത്തിൽ യാതൊരു കുഴപ്പവുമില്ലാത്ത ഒരു ഭർത്താവിനെയും ഓമനയായ ഒരു മകനെയും ഉപേക്ഷിച്ചു, തന്റെ സുഖങ്ങൾക്ക്  പുറകെ പോകുന്ന അന്ന, സ്വാര്‍ത്ഥയാണെന്ന് ചിലർക്കെങ്കിലും തോന്നിയാൽ അതിശയിക്കാനില്ല. ഓരോരുത്തരും വളർന്ന സാഹചര്യം, സമൂഹം, മൂല്യങ്ങൾ എന്നിവയെ ഈ കഥ വായിക്കുമ്പോൾ വളരെയേറെ സ്വാധീനം ചെലുത്തും.കുടുംബത്തിന്റെ കെട്ടുറപ്പിനായി ത്യാഗങ്ങൾ സഹിക്കണമെന്ന സങ്കൽപം നിലനില്ക്കുന്ന നമ്മുടെ സമൂഹത്തിൽ അന്ന ചെയ്തത് ഒരു തെറ്റാണെന്ന് തോന്നിയേക്കാം, എനിക്കും ആദ്യം അങ്ങനെ തോന്നിയെങ്കിലും, ഭാര്യ അമ്മ എന്നതിനൊക്കെ അപ്പുറം, അവർ ഒരു മനുഷ്യ ജീവിയാണ് എന്ന് ചിന്തിക്കുമ്പോൾ, അവൾ ചെയ്തതിൽ കുറ്റം പറയാൻ സാധിക്കുകയുമില്ല.
വായനാ അനുഭവം: ഞാൻ വായിച്ചതു യഥാർത്ഥ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ ആയതു കൊണ്ട്(Constance Clara  Garnett  ആണ് പരിഭാഷപ്പെടുത്തിയത്.) ഭാഷയെ പറ്റി അധികം പറയുന്നതിൽ അർത്ഥമില്ല. പക്ഷെ യഥാർത്ഥ കൃതിയുടെ മൂല്യം ഒട്ടും ചോരാതെ തന്നെയാണ് ഇംഗ്ലീഷ് പരിഭാഷ തയാറാക്കിയിരിക്കുന്നത് എന്ന് തോന്നി. എട്ടു ഭാഗങ്ങളുള്ള അതി ബൃഹത്തായ ഒരു നോവലാണിത്‌. പല സ്ഥലങ്ങളിലും, നോവൽ റഷ്യൻ സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള നീണ്ട ചർച്ചകളായി പരിണമിക്കുന്നു.ചരിത്രവും രാഷ്ട്രീയവും താത്പര്യ വിഷയം അല്ലാത്ത എന്നെ പോലുള്ളവർക്ക്, ഈ ഭാഗങ്ങൾ വിരസമായി തോന്നിയേക്കാം. പല സ്ഥലങ്ങളിലും ഞാൻ മൂന്നോ നാലോ പേജുകൾ ഒന്നിച്ചു വിട്ടു കളഞ്ഞിട്ടുണ്ട്. ഞാൻ ആകെ ശ്രദ്ധിച്ചത് അന്നയുടെ ജീവിതത്തെയും അവളുടെ കഥയും മാത്രമായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും. പല സ്ഥലങ്ങളിലും വിവരണങ്ങൾ നീണ്ടു പോകുന്നതായും തോന്നി.(ഉദാഹരണത്തിന് ലെവിന്റെ കൃഷി പരീക്ഷണങ്ങളും മറ്റും) കഥയുടെ പരിണാമഗുപ്തി എങ്ങനെയാകും എന്നറിയാൻ അകാംഷയുള്ളവർക്ക് ഇത് അരോചകമായി തോന്നാൻ ഇടയുണ്ട്.

ഈ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ, ലോക സാഹിത്യമാകുന്ന എവെരസ്ടിന്റെ ആദ്യ പടി ചവിട്ടി കടന്നത്‌ പോലെ എനിക്ക് തോന്നി. A sense of accomplishment.

Monday, February 24, 2014

പുസ്തകം 3 - Frankenstein; or, The Modern Prometheus by Mary Shelley

ഇംഗ്ലീഷ് എഴുത്തുകാരിയായ Mary Shelley യുടെ ആദ്യ നോവൽ ആണ് Frankenstein. 1818-ൽ  ആണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ആദ്യ എഡിഷനിൽ എഴുത്തുകാരിയുടെ പേര് മറച്ചു വച്ചാണ് ഈ നോവൽ പ്രസിദ്ധീകരിച്ചതെന്നത് രസകരമായ ഒരു വസ്തുതയാണ്. കഥയുടെ തലക്കെട്ട്‌ നായകനായ Victor Frankenstein ന്റെ പേര് തന്നെയാണ്. ശാസ്ത്രജ്ഞനായ Frankenstein, ജീവൻ സൃഷ്ടിക്കാൻ ഒരു നൂതനമായ മാർഗം കണ്ടു പിടിക്കുന്നു. തന്റെ കണ്ടുപിടുത്തത്തിൽ ആവേശഭരിതനായ അയാള് വേണ്ടത്ര ഗവേഷണമോ ദീർഘദൃഷ്ടിയോ കൂടാതെ ഒരു പുതിയ സൃഷ്ടിക്കായി ഇറങ്ങി തിരിക്കുന്നു. അയാളുടെ പരീക്ഷണങ്ങൾ വിജയകരമാകുന്നു എങ്കിലും, അതിന്റെ അവസാനം വികൃത ഒരു രൂപിയായ രാക്ഷസനാണ് ഉരുത്തിരിഞ്ഞു വരുന്നത്. തന്റെ സൃഷ്ടിയിൽ ഭയചകിതനായ Frankenstein, ആ രാക്ഷസനെ തന്റെ ഗവേഷണ ശാലയിൽ തന്നെ ഉപേക്ഷിച്ചു ഓടി രക്ഷപെടുന്നു. പിന്നീട് Frankenstein-ന്റെ  ജീവിതത്തിൽ ഉണ്ടാകുന്ന വഴിത്തിരിവുകളും ദുരന്തങ്ങളുമാണ് ഈ നോവലിന്റെ പ്രതിപാദ്യ വിഷയം. നോവലിൽ ഉടനീളം ഒരു തരം ശോകവും ഗൂഡവുമായ  ഭാവം നിലനിർത്താൻ എഴുത്തുകാരിക്ക് സാധിച്ചിരിക്കുന്നു. ആർക്കും വേണ്ടാത്ത ഒരു വിരൂപ രൂപിയായി തന്നെ സൃഷ്ടിച്ച് കടന്നു കളഞ്ഞ Frankenstein നോടുള്ള പ്രതികാര ദാഹവുമായാണ് പേരിടാത്ത അയാളുടെ സൃഷ്ടി അലയുന്നത്.Frankenstein- നു പ്രിയപ്പെട്ടതെല്ലാം ആ സത്വം അയാളിൽ നിന്ന് എടുത്തു മാറ്റുന്നു. ആദ്യമാദ്യം വായനക്കാരനു  Frankenstein-ന്റെ രാക്ഷസനോട് വെറുപ്പ്‌ തോന്നുമെങ്കിലും, അവൻ കടന്നു പോയ അനുഭവങ്ങൾ അറിയുമ്പോൾ ആ വെറുപ്പ്‌ ഇല്ലാതാകുന്നു. തനിക്കൊരു ഇണയെ സൃഷ്ടിച്ചു നൽകണമെന്ന ആവശ്യവുമായി രാക്ഷസൻ Frankenstein-നെ നിരന്തരം അലട്ടുന്നു. ആ ആവശ്യം നിറവേറ്റിയാൽ അയാളെ സമാധാനമായി ജീവിക്കാൻ അനുവദിക്കാം എന്നായിരുന്നു രാക്ഷസന്റെ നിലപാട്. ഈ ആവശ്യം Frankenstein സാധിച്ചു കൊടുക്കുമോ? സാധിച്ചില്ലെങ്കിൽ വരാവുന്ന പ്രത്യാഘാതങ്ങൾ എല്ലാമാണ് നോവലിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ.
ഇംഗ്ലീഷ് സാഹിത്യത്തിൽ സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുത്താവുന്ന ആദ്യ നോവലുകളിൽ ഒന്നാണ് Frankenstein. ഈ നോവൽ രചിക്കുമ്പോൾ എഴുത്തുകാരിക്ക് കേവലം 18 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. Frankenstein-ന്റെ കഥ എന്നതിനപ്പുറം, മനുഷ്യ സ്വഭാവത്തിലെ പല അസ്വഭാവികതകളും പാളിച്ചകളും ഈ നോവൽ വരച്ചിടുന്നു.  ശരിക്കും തെറ്റിനും താൻ കല്പിക്കുന്ന  മാനദണ്‌ഡങ്ങൾ മാത്രമാണ് ശരിയെന്നും, തന്റെ കാഴ്ചപാടിന് അപ്പുറമുള്ള എന്തിനെയും നിശതമായി വിമർശിക്കണമെന്നും വിശ്വസിക്കുന്ന മനുഷ്യ സ്വഭാവത്തെ എഴുത്തുകാരി വരച്ചു കാട്ടുന്നു. താൻ സൃഷ്ടിക്കപ്പെട്ട വേളയിൽ സൗമ്യ സ്വഭാവിയും സ്നേഹ സമ്പന്നനും ആയിരുന്നെന്നും, മനുഷ്യര് തന്നോട് കാട്ടിയ അവഗണനയും കാരണം കൂടാതെയുള്ള വെറുപ്പുമാണ്  തന്നെ ദുഷ്ടനാക്കിയതെന്നും Frankenstein-ന്റെ രാക്ഷസൻ പറയുന്നു. ആരും കുറ്റവാളികളായി ജനിക്കുന്നില്ല, സമൂഹം അവരെ അങ്ങനെ ആക്കി തീർക്കുകയാണ് ചെയ്യുന്നതെന്ന ആശയവും ഈ നോവൽ മുന്നോട്ടു വയ്ക്കുന്നു.

വായനാ അനുഭവം: വളരെയധികം ഊർജം ഈ നോവൽ വായിക്കാൻ ചെലവഴിക്കേണ്ടി വന്നു. പ്രസന്നതയുടെ അംശം വളരെ കുറവ് മാത്രമുള്ള ഒരു സൃഷ്ടി വായിക്കുമ്പോൾ, തോന്നുന്ന ഒരു നിഷേധപരമായ വികാരം ഈ നോവൽ  വായിക്കുന്ന സമയം മുഴുവൻ എന്നെ ഗ്രഹിച്ചു. രസിച്ചു വായിച്ചു എന്ന് ഒരിക്കലും പറയാൻ കഴിയാത്ത ഒരു അനുഭവം ആയിരുന്നു. ചില സമയങ്ങളിൽ ഈ നോവൽ എങ്ങനെയെങ്കിലും ഒന്ന് തീർന്നു കിട്ടണം എന്ന് ആഗ്രഹം തോന്നിയെങ്കിലും,  പുസ്തകം താഴെ വയ്ക്കാൻ അനുവദിക്കാത്ത എന്തോ ഒരു കാന്തിക ശക്തി ഈ നോവലിന് ഉണ്ടെന്നു പറയേണ്ടിയിരിക്കുന്നു.ഈ നോവലിലെ  ദുരന്തങ്ങൾ, അവ കണ്മുന്നിൽ നടക്കുന്നത് പോലെ നമ്മെ അലട്ടും. അത് തന്നെയാണ് ഈ നോവലിന്റെ വിജയവും എന്ന് പറയേണ്ടിയിരിക്കുന്നു.

Thursday, January 30, 2014

പുസ്തകം 2 - Me Talk Pretty One Day by David Sedaris

അമേരിക്കൻ ഹാസ്യ സാഹിത്യകാരനായ David Sedaris ന്റെ 27 ലേഖനങ്ങൾ അടങ്ങുന്ന പുസ്തകമാണ് Me Talk Pretty One Day. ഹാസ്യ രസത്തിനു പ്രാധാന്യം നല്കി കൊണ്ട്, തന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ സെഡാരിസ്  വിവരിക്കുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഈ പുസ്തകം എന്റെ കയ്യിൽ കിട്ടിയത്. പല സ്ഥലങ്ങളിലും ഈ പുസ്തകത്തെ കുറിച്ചുള്ള നിരൂപണങ്ങൾ വായിച്ചതിനാൽ വളരെ പ്രതീക്ഷയോടെ ആണ് ഈ പുസ്തകത്തെ ഞാൻ സമീപിച്ചത്. ഈ പുസ്തകം എന്നെ ചിരിപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ചും പുസ്തകത്തിന്റെ തലക്കെട്ടിലുള്ള ലേഖനം. French പഠിക്കാനുള്ള ലേഖകന്റെ ശ്രമങ്ങളാണ് ലേഖനത്തിൽ വിവരിക്കുന്നത്. സ്വയം കളിയാക്കി ചിരിക്കാൻ ലേഖകൻ ഒരിക്കലും മടി കാണിക്കുന്നില്ല. ചെറുപ്പത്തിൽ തന്റെ ഉച്ചാരണത്തിനുണ്ടായിരുന്ന പ്രശ്നങ്ങളും, കൌമാരത്തിലെ ലഹരി മരുന്ന് ഉപയോഗവും, യൗവനത്തിലെ ആരാജകവും ലക്ഷ്യമില്ലത്തതുമായ ജീവിതവും, സ്വർഗാനുരാഗവും എല്ലാം വളരെ തുറന്നു ഹാസ്യത്തിന്റെ മേമ്പൊടിയോടെ എഴുതിയിരിക്കുന്നു. ഈ തുറന്നെഴുത്താണ് എന്നെ ഏറ്റവും ആകർഷിച്ച ഘടകം. സ്വയം കളിയാക്കി ചിരിക്കുന്നതിനോടൊപ്പം മറ്റുള്ളവരെ കളിയാക്കാനുള്ള ഒരവസരവും സെഡാരിസ് വിട്ടു കളയുന്നില്ല. അത് തന്റെ അച്ഛൻ ആയാൽ പോലും. മലയാളത്തിന്റെ ഹാസ്യ കുലപതികളായ ബഷീർ, സഞ്ജയൻ  എന്നിവരുടെയൊക്കെ കൃതികളുടെ സാഹിത്യഗുണം പ്രതീക്ഷിച്ചു വായിച്ചാൽ ചിലപ്പോൾ നിങ്ങള്ക്ക് നിരാശപ്പെടേണ്ടി വന്നേക്കാം.പക്ഷെ,  തന്റെ ചുറ്റും കണ്ട മനുഷ്യരെയും സാഹചര്യങ്ങളെയും  സൂക്ഷ്മമായി നിരീക്ഷിച്ചു,  ആരെന്തു അഭിപ്രായം പറയും എന്ന ആശങ്ക കൂടാതെയുള്ള എഴുത്ത് കണ്ടപ്പോൾ സത്യത്തിൽ അസൂയ തോന്നിപ്പോയി. സമൂഹം ക്രൂശിക്കും എന്ന ഭയത്താൽ അലക്കി വെളുപ്പിച്ച കൃതികൾ മാത്രമെഴുതുന്ന ചില എഴുത്തുകാരെ ഓർക്കുമ്പോൾ, ഈ കൃതി എത്ര മഹത്തരമാണെന്ന് തോന്നിപ്പോകുന്നു. കുറെ നേരം ചിരിപ്പിക്കുകയും, കുറച്ചു ചിന്തിപ്പിക്കുകയും ചെയ്ത ഒരു കൃതി എന്ന നിലയ്ക്ക് ഈ പുസ്തകം എനിക്ക് ഇഷ്ടപ്പെട്ടു.
പുസ്തകത്തിന്റെ വിക്കിപീഡിയ ലിങ്ക്

Thursday, January 23, 2014

പുസ്തകം 1 - എമ്മ (Emma by Jane Austen)

 ലളിതവും പ്രസന്നവുമായ ഒരു വായനാ  അനുഭവമാണ് Jane  Austen രചിച്ച എമ്മ(Emma) എന്ന നോവൽ നല്കുന്നത്. ഗഹനമായ വായനയ്ക്കോ ചിന്തകൾക്കോ ഈ പുസ്തകം ഉതകണം എന്നില്ല. വളരെ അധ്വാനം ആവശ്യമായി വന്ന രണ്ടു പുസ്തകങ്ങൾക്ക് ശേഷം ഒരു ലളിതമായ വായനക്കായാണ് ഞാൻ എമ്മ തിരഞ്ഞെടുത്തത്. ജോർജിയൻ- റീജെനസി കാലഘട്ടത്തിലെ  ഇംഗ്ലണ്ടാണ് ഈ നോവലിന്റെ പശ്ചാത്തലം. ഹൈബറി എന്ന സാങ്കല്പിക ഇംഗ്ലീഷ് ഗ്രാമത്തിലെ ഒരു ധനിക കുടുംബത്തിലാണ് ഈ നോവലിലെ പ്രധാന കഥാപാത്രമായ എമ്മ ജനിച്ചത്. സുന്ദരിയും ഊർജസ്വലയുമാണ് എമ്മ. യുവത്വത്തിന്റെ ആരംഭത്തിൽ നില്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ വികാര വിചാരങ്ങളും പ്രവൃത്തികളും മനോഹരമായി പകർത്തിയിരിക്കുന്ന ഒരു  നോവലാണിത്‌. അവളുടെ സുഹൃത്തുക്കൾ, ജീവിത  വീക്ഷണം, രസകരമായ സാഹസികതകൾ, അവൾ പോലും അറിയാത്ത പ്രണയം എല്ലാം മനോഹരമായി ഈ നോവലിൽ വരച്ചിട്ടിരിക്കുന്നു. പ്രണയവും വിവാഹവും അനുബന്ധ കാര്യങ്ങളുമാണ് ഈ നോവലിന്റെ മുഖ്യ പ്രമേയം എങ്കിലും, 18 ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന്റെ സാമൂഹിക വ്യവസ്ഥയെക്കുറിച്ച് വ്യക്തമായ സൂചനകൾ ഈ നോവൽ നല്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ അന്തിമമായ ലക്‌ഷ്യം, ഉത്തമനായ ഒരു ഭർത്താവിനെ ലഭിക്കുകയാണെന്ന ആശയം മുന്നോട്ടു വയ്ക്കുന്നുണ്ട്‌ ഈ നോവൽ. ഇപ്പോഴും നമ്മൾ 18 ആം നൂറ്റാണ്ടിൽ നിന്ന് മുൻപോട്ടു പോയിട്ടില്ലെന്ന  ചിന്ത എനിക്ക് അല്പം അലോസരം ഉണ്ടാക്കി. ആർക്കും തന്നെ ആകർഷിക്കാൻ കഴിയില്ലെന്ന് ഉറച്ചു വിശ്വസിക്കുകയും, വിവാഹം തന്റെ ജീവിതത്തിലെ ഒരു  കാര്യമല്ലെന്ന് ഉറക്കെ പറയുകയും(അതിനു എമ്മയ്ക്ക് അവളുടേതായ കാരണങ്ങൾ  ഉണ്ട്) ചെയ്യുന്ന എമ്മ ഒടുവിൽ മനോഹരമായ ഒരു പ്രണയത്തിലേയ്ക്ക് വഴുതി വീഴുകയാണ്. കഥാ നായകൻ  ഒടുവിൽ എമ്മക്കായി ചെയ്യുന്ന ത്യാഗം ഫെമിനിസ്റ്റ് ആയ എഴുത്തുകാരിയുടെ വീക്ഷണങ്ങളെ എടുത്തു കാണിക്കുന്നു.
അലസമായി ഒഴുകുന്ന ഒരു നദി പോലെയാണ് ഈ നോവൽ എങ്കിലും, കഥാപാത്ര സൃഷ്ടിയിലും, കഥാ സന്ദർഭങ്ങൾ മെനയുന്നതിലും Jane Austen തന്റെ കഴിവ് തെളിയിക്കുന്നു.

clueless  എന്ന ഇംഗ്ലീഷ് സിനിമ , Aisha എന്ന ഹിന്ദി സിനിമ  എന്നിങ്ങനെ  പല പുനർ അവതരണങ്ങളും ഈ നോവലിന് ഉണ്ടായിട്ടുണ്ട്. BBC ഈ നോവൽ ഒരു സീരിയൽ ആയി പുറത്തിറക്കിയിട്ടുണ്ട്.പക്ഷെ സത്യത്തിൽ ഈ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരങ്ങളെക്കാൾ മികച്ചു നില്ക്കുന്നത് നോവൽ തന്നെയാണെന്നതിൽ സംശയം ഇല്ല.

കേന്ദ്ര കഥാപാത്രമായ എമ്മ 101 പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാകുന്നുണ്ട് ഈ നോവലിൽ. 101 പുസ്തകങ്ങളും വായിച്ചു തീർക്കുക എന്നതാണ് എമ്മയുടെ ഉദ്ദേശം എങ്കിലും, ആദ്യ പുസ്തകത്തിന്റെ രണ്ടു പേജു പോലും മുഴുമിപ്പിക്കാൻ സംസാര പ്രിയയായ എമ്മയ്ക്ക് കഴിയുന്നില്ല. എമ്മയുടെ അവസ്ഥ എന്റെ ഈ സംരംഭത്തിനു ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ എന്റെ ഒന്നാം വായന ഇവിടെ അവസാനിപ്പിക്കട്ടെ.

Monday, January 20, 2014

എന്താണ് ഈ ബ്ലോഗ്‌?

പുസ്തകങ്ങളോട് പ്രണയം തുടങ്ങിയത് എപ്പോഴാണെന്ന് അറിയില്ല. ബാല്യത്തിന്റെ നിറം മങ്ങിയ ഓർമകളിൽ കട്ടിലിനടുത്ത്‌ വച്ച ഒരു കെട്ടു ബാലരമ തെളിഞ്ഞു നില്ക്കുന്നു. വായനാശീലം വളർത്താനായി പ്രത്യേകം ഒന്നും ചെയ്തതായി ഓർക്കുന്നില്ല. എങ്കിലും നിഴൽ പോലെ, പുസ്തകങ്ങൾ എന്നും കൂടെയുണ്ടായിരുന്നു. സ്വയം സമ്പാദിക്കാൻ തുടങ്ങിയപ്പോൾ ആദ്യമായി വാങ്ങിയത് ബഷീറിന്റെ സമ്പൂർണ കൃതികളാണ്. ആദ്യമാദ്യം മലയാളത്തിൽ മാത്രം ഒതുങ്ങി നിന്ന എന്റെ വായനാ ലോകത്ത് ഒരു വിപ്ലവം സൃഷ്ടിച്ചത് "Amazon  Kindle " ആണ്. പുസ്തകങ്ങൾ വാങ്ങാൻ പോകാനോ, കാത്തു നില്ക്കാനോ സമയം കളയാതെ, ഏതു പുസ്തകവും ഒരു മൗസ് ക്ലിക്കിന്റെ അകലെ ഉണ്ടെന്ന വിശ്വാസം അതോടെ വന്നു. പിന്നെ ഒരു റിസർച്ച് തന്നെയായിരുന്നു. ലോക ക്ലാസ്സിക്കുകൾ തേടി വിക്കിപീഡിയയിലുടെ ഒരുപാട് അലഞ്ഞു നടന്നു. എന്റെ വായനയുടെ രണ്ടാം അധ്യായം അവിടെ തുടങ്ങി. ഓരോ പുസ്തകവും ഒരു യാത്രയാണ്. കഥയുടെ, കഥാപാത്രങ്ങളുടെ കൂടെയുള്ള ഒരു യാത്ര. ഓരോ യാത്രയും ഒരുപാട് അനുഭവങ്ങൾ സമ്മാനിക്കുന്നു. അതൊന്നു കുറിച്ചിടുക എന്നത് മാത്രമാണ് ഈ ബ്ലോഗിന്റെ ഉദ്ദേശം. ഒരു പുസ്തക നിരൂപണമോ, പഠനമോ അല്ല ഈ ബ്ലോഗിന്റെ ലക്‌ഷ്യം എന്ന് വ്യക്തമായി പറഞ്ഞു കൊള്ളട്ടെ.ലോകത്തെ മാറ്റി മറിച്ച ക്ലാസ്സിക്കുകൾ വിലയിരുത്താനുള്ള  വിവരമോ, കഴിവോ എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ വായനാ അനുഭവങ്ങൾ പങ്കു വയ്ക്കുകയും, പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും മാത്രമാണ് ഈ ബ്ലോഗിന്റെ ഉദ്ദേശം. അതോടൊപ്പം തന്നെ 101 പുസ്തകങ്ങൾ വായിച്ചു തീർക്കുക എന്ന ലക്ഷ്യത്തിനു ഒരു പ്രചോദനമാകാൻ ഈ ബ്ലോഗിന് കഴിയും എന്ന പ്രതീക്ഷയും എനിക്കുണ്ട്. എന്റെ വായനയുടെ ഡയറിക്കുറിപ്പുകൾ ആർക്കെങ്കിലും ഉപകാരപ്രദമായി എന്നറിഞ്ഞാൽ ഞാൻ കൃതാർത്ഥയായി.