Thursday, January 30, 2014

പുസ്തകം 2 - Me Talk Pretty One Day by David Sedaris

അമേരിക്കൻ ഹാസ്യ സാഹിത്യകാരനായ David Sedaris ന്റെ 27 ലേഖനങ്ങൾ അടങ്ങുന്ന പുസ്തകമാണ് Me Talk Pretty One Day. ഹാസ്യ രസത്തിനു പ്രാധാന്യം നല്കി കൊണ്ട്, തന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ സെഡാരിസ്  വിവരിക്കുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഈ പുസ്തകം എന്റെ കയ്യിൽ കിട്ടിയത്. പല സ്ഥലങ്ങളിലും ഈ പുസ്തകത്തെ കുറിച്ചുള്ള നിരൂപണങ്ങൾ വായിച്ചതിനാൽ വളരെ പ്രതീക്ഷയോടെ ആണ് ഈ പുസ്തകത്തെ ഞാൻ സമീപിച്ചത്. ഈ പുസ്തകം എന്നെ ചിരിപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ചും പുസ്തകത്തിന്റെ തലക്കെട്ടിലുള്ള ലേഖനം. French പഠിക്കാനുള്ള ലേഖകന്റെ ശ്രമങ്ങളാണ് ലേഖനത്തിൽ വിവരിക്കുന്നത്. സ്വയം കളിയാക്കി ചിരിക്കാൻ ലേഖകൻ ഒരിക്കലും മടി കാണിക്കുന്നില്ല. ചെറുപ്പത്തിൽ തന്റെ ഉച്ചാരണത്തിനുണ്ടായിരുന്ന പ്രശ്നങ്ങളും, കൌമാരത്തിലെ ലഹരി മരുന്ന് ഉപയോഗവും, യൗവനത്തിലെ ആരാജകവും ലക്ഷ്യമില്ലത്തതുമായ ജീവിതവും, സ്വർഗാനുരാഗവും എല്ലാം വളരെ തുറന്നു ഹാസ്യത്തിന്റെ മേമ്പൊടിയോടെ എഴുതിയിരിക്കുന്നു. ഈ തുറന്നെഴുത്താണ് എന്നെ ഏറ്റവും ആകർഷിച്ച ഘടകം. സ്വയം കളിയാക്കി ചിരിക്കുന്നതിനോടൊപ്പം മറ്റുള്ളവരെ കളിയാക്കാനുള്ള ഒരവസരവും സെഡാരിസ് വിട്ടു കളയുന്നില്ല. അത് തന്റെ അച്ഛൻ ആയാൽ പോലും. മലയാളത്തിന്റെ ഹാസ്യ കുലപതികളായ ബഷീർ, സഞ്ജയൻ  എന്നിവരുടെയൊക്കെ കൃതികളുടെ സാഹിത്യഗുണം പ്രതീക്ഷിച്ചു വായിച്ചാൽ ചിലപ്പോൾ നിങ്ങള്ക്ക് നിരാശപ്പെടേണ്ടി വന്നേക്കാം.പക്ഷെ,  തന്റെ ചുറ്റും കണ്ട മനുഷ്യരെയും സാഹചര്യങ്ങളെയും  സൂക്ഷ്മമായി നിരീക്ഷിച്ചു,  ആരെന്തു അഭിപ്രായം പറയും എന്ന ആശങ്ക കൂടാതെയുള്ള എഴുത്ത് കണ്ടപ്പോൾ സത്യത്തിൽ അസൂയ തോന്നിപ്പോയി. സമൂഹം ക്രൂശിക്കും എന്ന ഭയത്താൽ അലക്കി വെളുപ്പിച്ച കൃതികൾ മാത്രമെഴുതുന്ന ചില എഴുത്തുകാരെ ഓർക്കുമ്പോൾ, ഈ കൃതി എത്ര മഹത്തരമാണെന്ന് തോന്നിപ്പോകുന്നു. കുറെ നേരം ചിരിപ്പിക്കുകയും, കുറച്ചു ചിന്തിപ്പിക്കുകയും ചെയ്ത ഒരു കൃതി എന്ന നിലയ്ക്ക് ഈ പുസ്തകം എനിക്ക് ഇഷ്ടപ്പെട്ടു.
പുസ്തകത്തിന്റെ വിക്കിപീഡിയ ലിങ്ക്

Thursday, January 23, 2014

പുസ്തകം 1 - എമ്മ (Emma by Jane Austen)

 ലളിതവും പ്രസന്നവുമായ ഒരു വായനാ  അനുഭവമാണ് Jane  Austen രചിച്ച എമ്മ(Emma) എന്ന നോവൽ നല്കുന്നത്. ഗഹനമായ വായനയ്ക്കോ ചിന്തകൾക്കോ ഈ പുസ്തകം ഉതകണം എന്നില്ല. വളരെ അധ്വാനം ആവശ്യമായി വന്ന രണ്ടു പുസ്തകങ്ങൾക്ക് ശേഷം ഒരു ലളിതമായ വായനക്കായാണ് ഞാൻ എമ്മ തിരഞ്ഞെടുത്തത്. ജോർജിയൻ- റീജെനസി കാലഘട്ടത്തിലെ  ഇംഗ്ലണ്ടാണ് ഈ നോവലിന്റെ പശ്ചാത്തലം. ഹൈബറി എന്ന സാങ്കല്പിക ഇംഗ്ലീഷ് ഗ്രാമത്തിലെ ഒരു ധനിക കുടുംബത്തിലാണ് ഈ നോവലിലെ പ്രധാന കഥാപാത്രമായ എമ്മ ജനിച്ചത്. സുന്ദരിയും ഊർജസ്വലയുമാണ് എമ്മ. യുവത്വത്തിന്റെ ആരംഭത്തിൽ നില്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ വികാര വിചാരങ്ങളും പ്രവൃത്തികളും മനോഹരമായി പകർത്തിയിരിക്കുന്ന ഒരു  നോവലാണിത്‌. അവളുടെ സുഹൃത്തുക്കൾ, ജീവിത  വീക്ഷണം, രസകരമായ സാഹസികതകൾ, അവൾ പോലും അറിയാത്ത പ്രണയം എല്ലാം മനോഹരമായി ഈ നോവലിൽ വരച്ചിട്ടിരിക്കുന്നു. പ്രണയവും വിവാഹവും അനുബന്ധ കാര്യങ്ങളുമാണ് ഈ നോവലിന്റെ മുഖ്യ പ്രമേയം എങ്കിലും, 18 ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന്റെ സാമൂഹിക വ്യവസ്ഥയെക്കുറിച്ച് വ്യക്തമായ സൂചനകൾ ഈ നോവൽ നല്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ അന്തിമമായ ലക്‌ഷ്യം, ഉത്തമനായ ഒരു ഭർത്താവിനെ ലഭിക്കുകയാണെന്ന ആശയം മുന്നോട്ടു വയ്ക്കുന്നുണ്ട്‌ ഈ നോവൽ. ഇപ്പോഴും നമ്മൾ 18 ആം നൂറ്റാണ്ടിൽ നിന്ന് മുൻപോട്ടു പോയിട്ടില്ലെന്ന  ചിന്ത എനിക്ക് അല്പം അലോസരം ഉണ്ടാക്കി. ആർക്കും തന്നെ ആകർഷിക്കാൻ കഴിയില്ലെന്ന് ഉറച്ചു വിശ്വസിക്കുകയും, വിവാഹം തന്റെ ജീവിതത്തിലെ ഒരു  കാര്യമല്ലെന്ന് ഉറക്കെ പറയുകയും(അതിനു എമ്മയ്ക്ക് അവളുടേതായ കാരണങ്ങൾ  ഉണ്ട്) ചെയ്യുന്ന എമ്മ ഒടുവിൽ മനോഹരമായ ഒരു പ്രണയത്തിലേയ്ക്ക് വഴുതി വീഴുകയാണ്. കഥാ നായകൻ  ഒടുവിൽ എമ്മക്കായി ചെയ്യുന്ന ത്യാഗം ഫെമിനിസ്റ്റ് ആയ എഴുത്തുകാരിയുടെ വീക്ഷണങ്ങളെ എടുത്തു കാണിക്കുന്നു.
അലസമായി ഒഴുകുന്ന ഒരു നദി പോലെയാണ് ഈ നോവൽ എങ്കിലും, കഥാപാത്ര സൃഷ്ടിയിലും, കഥാ സന്ദർഭങ്ങൾ മെനയുന്നതിലും Jane Austen തന്റെ കഴിവ് തെളിയിക്കുന്നു.

clueless  എന്ന ഇംഗ്ലീഷ് സിനിമ , Aisha എന്ന ഹിന്ദി സിനിമ  എന്നിങ്ങനെ  പല പുനർ അവതരണങ്ങളും ഈ നോവലിന് ഉണ്ടായിട്ടുണ്ട്. BBC ഈ നോവൽ ഒരു സീരിയൽ ആയി പുറത്തിറക്കിയിട്ടുണ്ട്.പക്ഷെ സത്യത്തിൽ ഈ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരങ്ങളെക്കാൾ മികച്ചു നില്ക്കുന്നത് നോവൽ തന്നെയാണെന്നതിൽ സംശയം ഇല്ല.

കേന്ദ്ര കഥാപാത്രമായ എമ്മ 101 പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാകുന്നുണ്ട് ഈ നോവലിൽ. 101 പുസ്തകങ്ങളും വായിച്ചു തീർക്കുക എന്നതാണ് എമ്മയുടെ ഉദ്ദേശം എങ്കിലും, ആദ്യ പുസ്തകത്തിന്റെ രണ്ടു പേജു പോലും മുഴുമിപ്പിക്കാൻ സംസാര പ്രിയയായ എമ്മയ്ക്ക് കഴിയുന്നില്ല. എമ്മയുടെ അവസ്ഥ എന്റെ ഈ സംരംഭത്തിനു ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ എന്റെ ഒന്നാം വായന ഇവിടെ അവസാനിപ്പിക്കട്ടെ.





Monday, January 20, 2014

എന്താണ് ഈ ബ്ലോഗ്‌?

പുസ്തകങ്ങളോട് പ്രണയം തുടങ്ങിയത് എപ്പോഴാണെന്ന് അറിയില്ല. ബാല്യത്തിന്റെ നിറം മങ്ങിയ ഓർമകളിൽ കട്ടിലിനടുത്ത്‌ വച്ച ഒരു കെട്ടു ബാലരമ തെളിഞ്ഞു നില്ക്കുന്നു. വായനാശീലം വളർത്താനായി പ്രത്യേകം ഒന്നും ചെയ്തതായി ഓർക്കുന്നില്ല. എങ്കിലും നിഴൽ പോലെ, പുസ്തകങ്ങൾ എന്നും കൂടെയുണ്ടായിരുന്നു. സ്വയം സമ്പാദിക്കാൻ തുടങ്ങിയപ്പോൾ ആദ്യമായി വാങ്ങിയത് ബഷീറിന്റെ സമ്പൂർണ കൃതികളാണ്. ആദ്യമാദ്യം മലയാളത്തിൽ മാത്രം ഒതുങ്ങി നിന്ന എന്റെ വായനാ ലോകത്ത് ഒരു വിപ്ലവം സൃഷ്ടിച്ചത് "Amazon  Kindle " ആണ്. പുസ്തകങ്ങൾ വാങ്ങാൻ പോകാനോ, കാത്തു നില്ക്കാനോ സമയം കളയാതെ, ഏതു പുസ്തകവും ഒരു മൗസ് ക്ലിക്കിന്റെ അകലെ ഉണ്ടെന്ന വിശ്വാസം അതോടെ വന്നു. പിന്നെ ഒരു റിസർച്ച് തന്നെയായിരുന്നു. ലോക ക്ലാസ്സിക്കുകൾ തേടി വിക്കിപീഡിയയിലുടെ ഒരുപാട് അലഞ്ഞു നടന്നു. എന്റെ വായനയുടെ രണ്ടാം അധ്യായം അവിടെ തുടങ്ങി. ഓരോ പുസ്തകവും ഒരു യാത്രയാണ്. കഥയുടെ, കഥാപാത്രങ്ങളുടെ കൂടെയുള്ള ഒരു യാത്ര. ഓരോ യാത്രയും ഒരുപാട് അനുഭവങ്ങൾ സമ്മാനിക്കുന്നു. അതൊന്നു കുറിച്ചിടുക എന്നത് മാത്രമാണ് ഈ ബ്ലോഗിന്റെ ഉദ്ദേശം. ഒരു പുസ്തക നിരൂപണമോ, പഠനമോ അല്ല ഈ ബ്ലോഗിന്റെ ലക്‌ഷ്യം എന്ന് വ്യക്തമായി പറഞ്ഞു കൊള്ളട്ടെ.ലോകത്തെ മാറ്റി മറിച്ച ക്ലാസ്സിക്കുകൾ വിലയിരുത്താനുള്ള  വിവരമോ, കഴിവോ എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ വായനാ അനുഭവങ്ങൾ പങ്കു വയ്ക്കുകയും, പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും മാത്രമാണ് ഈ ബ്ലോഗിന്റെ ഉദ്ദേശം. അതോടൊപ്പം തന്നെ 101 പുസ്തകങ്ങൾ വായിച്ചു തീർക്കുക എന്ന ലക്ഷ്യത്തിനു ഒരു പ്രചോദനമാകാൻ ഈ ബ്ലോഗിന് കഴിയും എന്ന പ്രതീക്ഷയും എനിക്കുണ്ട്. എന്റെ വായനയുടെ ഡയറിക്കുറിപ്പുകൾ ആർക്കെങ്കിലും ഉപകാരപ്രദമായി എന്നറിഞ്ഞാൽ ഞാൻ കൃതാർത്ഥയായി.