Friday, March 10, 2017

പുസ്തകം 10 : ഏകാന്തതയുടെ നൂറു വർഷങ്ങൾ - ഗബ്രിയൽ ഗാർസിയ മാർകേസ്

പുസ്തകങ്ങൾ വായിക്കാൻ പല രീതികളുണ്ട്. ചില പുസ്തകങ്ങൾ പെട്ടെന്ന് വായിച്ചു  തീർക്കാം . വായിക്കുന്ന സമയത്ത് അവ നമ്മെ ചിന്തിപ്പിക്കുകയും, രസിപ്പിക്കുകയും ഒക്കെ ചെയ്യും. എന്നാൽ വായന കഴിയുന്നതോടെ ഉപബോധ മനസ്സിലിന്റെ മറവിയിൽ എവിടേക്കോ ആ കഥാപാത്രങ്ങൾ മുങ്ങിപ്പോകുന്നു, എന്നാൽ  ചില പുസ്തകങ്ങൾ നമ്മൾ വായിക്കുകയല്ല , മറിച്ച് ആ കഥയോടും കഥാപാത്രങ്ങളോടും ഒപ്പം ജീവിക്കുകയാണ്. ഇത്തരം പുസ്തകങ്ങൾ വായിക്കാൻ വളരെയേറെ സമയം വേണ്ടി വന്നേക്കാം. കുറച്ച് നേരത്തേക്കെങ്കിലും നമ്മൾ നമ്മുടെ ജീവിതത്തിൽ നിന്നും പുറത്തു കടന്നു ആ നോവലിലെ കഥാപാത്രങ്ങളിലേയ്ക്ക് പരകായ പ്രവേശം ചെയ്യുന്നു. അത്തരത്തിൽ ഒരു നോവലാണ് ഗബ്രിയൽ ഗാർസിയ മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ. ഞാൻ ഇതിന്റെ ഇംഗ്ലീഷ് പതിപ്പായ One Hundred Years of Solitude ആണ് വായിച്ചത്.

 ഗാബോ എന്ന ഓമനപ്പേ രിൽ  ലോകത്തെ സാഹിത്യആസ്വാദകരാൽ ആരാധിക്കപ്പെടുന്ന മാർകേസിന്റെ ഏറ്റവും  മികച്ചതെന്ന് പൊതുവെ കരുതപ്പെടുന്ന  നോവലാണിത്. ആദ്യത്തെ പേജിൽ തന്നെ വായനക്കാരെ അടിമയാക്കുന്ന ആഖ്യാന ശൈലി. മോക്കണ്ടോ എന്ന ചെറു ഗ്രാമവും അവിടുത്തെ ആദിമ കുടിയേറ്റക്കാരും  അവരുടെ പിൻ തലമുറക്കാരുമാണ്  നോവലിന്റെ പ്രതിപാദ്യ വിഷയം. ബൂണ്ടിയ  കുടുംബത്തിലെ ഏഴ്  തലമുറകളുടെ കഥ ജോസ് ആർക്കേഡിയോ ബൂണ്ടിയയിൽ  ആരംഭിക്കുന്നു. സ്പെയിനിലെ റിയോഹച്ചയിൽ നിന്നും സാഹചര്യങ്ങളുടെ സമ്മർദ്ദം നിമിത്തം പുതിയ വാസസ്ഥലം  തേടി ജോസ് ആർക്കേഡിയോ ബൂണ്ടിയയും ഭാര്യ ഉർസുല യാത്ര തുടങ്ങുന്നു കൂടെ  കുറച്ച് ഗ്രാമവാസികളും.

പുഴയുടെ തീരത്ത് മൊക്കണ്ടോ  എന്നൊരു ചെറു ഗ്രാമം സ്ഥാപിച്ച് അവിടെ വാസം തുടങ്ങുന്ന ബൂണ്ടിയയും മറ്റുള്ളവരും പുറം ലോകവുമായി കാര്യമായി ബന്ധമില്ലാതെയാണ്  ജീവിക്കുന്നത്.  ഇടയ്ക്കിടെ മോക്കണ്ടോയിൽ എത്തി കുറച്ച് നാൾ താവളമടിക്കുന്ന ജിപ്സികൾ മാത്രമാണ് ആദ്യകാലത്ത് പുറം ലോകവുമായി ഗ്രാമവാസികളെ ബന്ധിപ്പിക്കുന്ന കണ്ണികൾ. അതിൽ മെൽക്വിഡസ് എന്ന വൃദ്ധൻ  ബൂണ്ടിയയുടെ   അടുത്ത സുഹൃത്തായി മാറുന്നു. ബൂണ്ടിയക്ക്  മക്കളായ  ജോസ് ആർക്കാഡിയോ, ഔറേലിയാനോ, അമരാന്റ എന്നിവരും, വളർത്തു പുത്രിയായ റബേക്കയും ചേർന്നതാണ് രണ്ടാം തലമുറ. ഇവരിലൂടെ പുരോഗമിക്കുന്ന കഥ, ബൂണ്ടിയ കുടുംബത്തിലെ ഏഴ് തലമുറകളിലൂടെ സഞ്ചരിക്കുന്നു.

ഞാൻ ആദ്യം പറഞ്ഞത് പോലെ, പെട്ടെന്ന് വായിച്ച് മുഴുമിപ്പിക്കാൻ ശ്രമിച്ചാൽ ഈ നോവലിന്റെ  പ്രഭാവം ആസ്വദിക്കാൻ കഴിഞ്ഞില്ല എന്ന് വരും. ഒരു മാസം എടുത്തതാണ് ഞാൻ ഈ നോവൽ വായിച്ചത്. ആദ്യ തലമുറയിലെ ജോസ് ആർക്കാഡിയോയുടെ  ആൽക്കെമി പരീക്ഷണങ്ങളും, രണ്ടാം ജോസ് ആർക്കാഡിയോയുടെ  അല്പ സ്വല്പം ഭ്രാന്തും, ഔറേലിയാനോയുടെ തീക്ഷ്ണ പ്രണയവും, യുദ്ധവും, റബ്ബെക്കയുടെ ദുരൂഹമായ ജീവിതവുമെല്ലാം അടുത്ത് നിന്ന് കണ്ടതു പോലെയാണ് എനിക്ക് തോന്നിയത്.

ഈ നോവലിലെ ഓരോ കഥാപാത്രത്തിനും വ്യക്തമായ ഒരു വ്യക്തിത്വം ഉണ്ട്. കഥാപാത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ ഈ നോവൽ വായിക്കുമ്പോൾ നമ്മുടെ  മുന്നിലൂടെ കടന്നു പോകുമെങ്കിലും, അതിൽ ഓരോരുത്തരെയും വേർതിരിച്ച് ഓർക്കാൻ എന്തെങ്കിലും സവിശേഷതകൾ എല്ലാവർക്കുമുണ്ട്. എന്റെ മനസ്സിൽ ഏറ്റവും ആഴത്തിൽ പതിഞ്ഞ കഥാപാത്രം ബൂണ്ടിയ കുടുബത്തിന്റെ അമ്മയായ ഉർസുലയാണ്. അനേകം തലമുറകളിലൂടെ സഞ്ചരിക്കുന്ന ഉർസുല, നോവലിലെ ഒരു നിർണായക സാന്നിധ്യമാണ്. തന്റെ വീടും മക്കളുമാണ്  അവരുടെ ലോകമെങ്കിലും അതിനേക്കാൾ എത്രയോ വലുതാണ് അവരുടെ വ്യക്തിത്വം. ബൂണ്ടിയ കുടുബത്തിൽ അല്പമെങ്കിലും യാഥാർഥ്യബോധമുള്ളതും ഉർസുലയ്ക്കാണ്. ബാക്കിയെല്ലാവരും അവരുടേതായ സ്വപ്നലോകത്താണ് ജീവിക്കുന്നത്.  ഈ  നോവലിന്റെ പ്രധാന സവിശേഷത, ഓരോ കഥാപാത്രവും അടുത്തതായി എന്ത് ചെയുമെന്നുള്ള അനിശ്ചിതാവസ്ഥയാണ്. തികച്ചും പ്രവചനാതീതമാണ് അവരുടെ ഓരോ പ്രവർത്തിയും. ചിലപ്പോൾ അത്  വായനക്കാരനെ അത്ഭുതപ്പെടുത്തുന്നു, ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. "ഇവർക്കൊക്കെ  വട്ടാണോ?" എന്നുപോലും തോന്നിപ്പിക്കുന്നു.

മാജിക്കൽ റിയലിസം എന്ന സാഹിത്യശാഖയിൽ പെടുത്താവുന്ന കൃതിയാണ് ഏകാന്തതയുടെ നൂറു വർഷങ്ങൾ. തികച്ചും സാധാരണമായ ചുറ്റുപാടുകളിൽ നീങ്ങുന്ന കഥയിൽ ഫാന്റസിയുടെ അംശങ്ങൾ വായനക്കാരൻ പോലുമറിയാതെ കലർത്തുന്നതിലാണ് മാജിക്കൽ റിയലിസം വിജയിക്കുന്നത്. അതിനുള്ള ഒരു മനോഹരമായ ഉദാഹരണമാണ് ഈ നോവൽ.

യുക്തിക്കു നിരക്കുന്ന  സംഭവങ്ങൾ ആയിരിക്കണമെന്നില്ല ഈ നോവലിൽ കാണുന്നത്. യുക്തി അന്വേഷിച്ചു പോയാൽ ഒരു എത്തും പിടിയും കിട്ടണമെന്നുമില്ല. പക്ഷെ സാങ്കല്പിക ലോകത്തിൽ ബുണ്ടിയ കുടുംബത്തോടൊപ്പം ഒരു നൂറു വര്ഷം ജീവിച്ചു തീർത്ത അനുഭവമായിരിക്കും ഈ നോവൽ തരുന്നത്.



Monday, February 27, 2017

പുസ്തകം 9: പാപ്പിയോൺ - ഹെൻട്രി ഷാരിയർ

"ഞാൻ ആ നരകകുഴിയിലേക്ക് പോയത് ടൈപ്പ് റൈറ്ററും  കയ്യിൽ പിടിച്ചായിരുന്നില്ല!"

"പാപ്പിയോൺ " എന്ന് ഫ്രഞ്ച് അധോലോകത്ത്  വിളിപ്പേരുള്ള  ഹെൻട്രി ഷാരിയർ തന്റെ 14 വർഷം നീണ്ട ദുരിതമയമായ ജയിൽ വാസത്തെക്കുറിച്ച് എഴുതിയ ഓർമ്മകുറിപ്പാണു  "പാപ്പിയോൺ" എന്ന നോവൽ. ഒരു സാധാരണ മനുഷ്യന് വിശ്വസിക്കാൻ സാധിക്കാത്ത ജീവിതാനുഭവങ്ങളിലൂടെ  കടന്നു പോയ ഷാരിയർ എഴുതിയത് മുഴുവൻ സത്യമാണോ എന്ന് പോലും വിമർശകർ സംശയിച്ചു . അവർക്ക് ഷാരിയർ നൽകിയ മറുപടിയാണ് ആദ്യ വാചകം.

വളരെ അവിചാരിതമായാണ് ഈ പുസ്തകം എന്റെ കയ്യിൽ വരുന്നത്. പാപ്പിയോൺ ഫ്രഞ്ച് ഭാഷയിലാണ് ആദ്യം പുറത്തിറങ്ങിയത്. പ്രസിദ്ധീകരിച്ച ഉടനെ തന്നെ വൻ ചർച്ചാവിഷയമായ ഈ പുസ്തകം മലയാളം അടക്കം 21  ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു എന്ന് പറയുമ്പോൾ എത്ര മഹത്തായ ഒരു സൃഷ്ടിയാണ് ഇതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

 ഇരുപത്തി മൂന്നാം  വയസ്സിൽ ഒരു കൊലപാതകകുറ്റത്തിനാണ്  ഷാരിയർ  ഫ്രാൻസിൽ അറസ്റ്റിൽ ആകുന്നത്. 1931 ആയിരുന്നു അത്. എന്നാൽ അതൊരു കെട്ടിച്ചമക്കപ്പെട്ട കേസായിരുന്നു എന്നാണു ഷാരിയറുടെ വാദം. പക്ഷെ, ഫ്രാൻ‌സിലെ  അന്നത്തെ കഠിനമായ നിയമ വ്യവസ്ഥ ഷാരിയർക്ക്  14 വർഷം  കഠിന തടവ് വിധിച്ചു.  ഫ്രഞ്ച് ഗയാനയിലെ "ചെകുത്താൻ തുരുത്ത്" എന്നറിയപ്പെടുന്ന ജയിലിലേയ്ക്കാണ്  ഷാരിയറെ  ആദ്യം കൊണ്ടുപോയത്.

ജയിലിൽ  എത്തിയ നിമിഷം മുതൽ അവിടെ നിന്നും ചാടിപ്പോകാനുള്ള ആലോചനകൾ ഷാരിയർ തുടങ്ങി. കടലിനു നടുക്ക് ഒറ്റപ്പെട്ട ദ്വീപിൽ നിന്നുള്ള ചാടിപ്പോക്ക് ഒരു തരത്തിലും സാധ്യമായിരുന്നില്ല. എങ്കിലും ഷാരിയർ ശ്രമിച്ചു കൊണ്ടേയിരുന്നു. അതിനിടയിൽ താൻ ജയിലിനുള്ളിൽ കണ്ട മനം മടുപ്പിക്കുന്ന കാഴ്ചകൾ - കൊലപാതകങ്ങൾ, കളവു, ലഹരിയും സ്വവർഗ ലൈംഗികതയും എല്ലാം ഷാരിയർ  തുറന്നു പറയുന്നു. ഈ തുറന്നു പറച്ചിലുകൾ തന്നെയാണ് ഈ നോവലിനെ അത്യന്തം ശക്തമാക്കുന്നത്. കുറ്റവാളികളുടെ  മനോഭാവം മെച്ചപ്പെടുത്താനല്ല, മറിച്ച് അവരെ കൂടുതൽ നീചമായ മാനസിക-ശാരീരിക അവസ്ഥകളിലേയ്ക്ക് തള്ളി വിടാൻ - സാംസ്കാരികമായി അത്യുന്നതിയിലായ ഒരു രാജ്യവും അവിടുത്തെ ജയിലുകളും കൂട്ടു നിൽക്കുന്നു  എന്ന് ഷാരിയർ പുറം ലോകത്തെ കാണിച്ച് കൊടുത്തു. "ഫ്രഞ്ച് നാഗരികതയ്ക്കും, ജനതയ്ക്കും" അപമാനമാണ് ഈ ജയിലുകൾ എന്ന് ഷാരിയർ  അനേകം തവണ ആവർത്തിച്ച് പറയുന്നു.

സാഹസിക പ്രിയർക്ക് വളരെയധികം രസിക്കുന്ന രീതിയിൽ ഷാരിയർ  തന്റെ ഓരോ ജയിൽ ചാട്ടത്തിന്റെ കഥയും വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ഓരോ തവണ തോൽക്കുമ്പോഴും ഷാരിയർ  കൂടുതൽ കഠിനമായ പീഡനങ്ങളും, എന്തിനു, വർഷങ്ങളുടെ ഏകാന്ത  തടവും അനുഭവിക്കേണ്ടി വരുന്നു. പക്ഷെ, ഒരു പരിശ്രമം പരാജയപ്പെട്ടതിനു പിറ്റേ ദിവസം മുതൽ ഷാരിയർ അടുത്ത ജയിൽ ചാട്ടത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നു. അദ്ദേഹത്തിന്റെ  ചിന്തകളെ ഗ്രസിച്ച തീക്ഷണമായ സ്വാതന്ത്യ ബോധം ആരെയും അത്ഭുതപ്പെടുത്തും. എന്നാൽ സ്വാതന്ത്യ്രം മാത്രമല്ല, അഭിമാനവും ഷാരിയറിനു വളരെ വലുതായിരുന്നു. ജയിൽ ചാടി, ഏതെങ്കിലും  കാട്ടിനുള്ളിൽ അജ്ഞാത വാസം നടത്താൻ ഷാരിയർ ഒരുക്കമായിരുന്നില്ല. തനിക്ക് അഭയം  തരുന്ന ഒരു രാജ്യത്ത് അവിടുത്തെ ഉത്തരവാദിത്വമുള്ള  ഒരു പൗരനായി നാഗരികതയിൽ ജീവിക്കാൻ തന്നെയാണ് ഷാരിയർ തീർച്ചപ്പെടുത്തിയത്. അതിനായി അദ്ദേഹം സഹിക്കേണ്ടി വന്ന പീഡനങ്ങളും തരണം ചെയ്ത പ്രതിബന്ധങ്ങളും ഒരു സാധാരണ മനുഷ്യന് ആലോചിക്കാവുന്നതിലും അപ്പുറത്താണ്.

ഒരു തടവുപുള്ളിയുടെ സാഹസികമായ ജയിൽചാട്ട കഥകൾ മാത്രമല്ല പാപ്പിയോൺ. ജയിൽ ചാട്ടങ്ങൾക്കിടയിൽ താൻ കണ്ട നന്മ നിറഞ്ഞ മനുഷ്യരെയും, അവരുടെ നിസ്വാർത്ഥമായ മനുഷ്യ സ്നേഹത്തെയും കുറിച്ചും ഷാരിയർ  തന്റെ നോവലിൽ വിവരിക്കുന്നു. ബോവൻ എന്ന  വക്കീലും, അദ്ദേഹത്തിന്റെ കുടുംബവും തന്നോട് കാണിച്ച സ്നേഹവും കരുണയും തന്നെ ഒരു പുതിയ മനുഷ്യനാക്കി തീർത്തു എന്നാണു ഷാരിയർ  പറയുന്നത്. മനുഷ്യ നന്മയിൽ തനിക്കുള്ള വിശ്വാസം ഷാരിയർ  പലതവണ ആവർത്തിക്കുന്നുണ്ട്.


ജയിലിനു പുറത്തുള്ളവർ മാത്രമല്ല, കൊടും കുറ്റവാളികൾ എന്ന് സമൂഹം  വിധിയെഴുതിയ പലരുടെയും ആത്മാർത്ഥതയും വിശ്വസ്തതയും ഷാരിയറിനെ  പല വട്ടം അത്ഭുതപ്പെടുത്തുന്നു. തന്റെ പതിനാലു വർഷ ജയിൽ വാസത്തിനിടയിലെ എണ്ണമറ്റ ജയിൽ ചാട്ടങ്ങളുടെ കഥ മാത്രമല്ല, അതിനിടയിൽ താൻ കണ്ടു മുട്ടിയ, വ്യത്യസ്തരായ മനുഷ്യരുടെ ഒരു പുസ്തകം കൂടിയാണ് പാപ്പിയോൺ. ഇച്‌ഛാശക്തിയുടെ വിജയകഥയാണിത്.

ഞാൻ വായിച്ചതിൽ ഒരു മികച്ച നോവൽ എന്ന് പാപ്പിയോൺ നിസ്സംശയം വിളിക്കാം. നിങ്ങളുടെ മനസ്സിൽ തൊടാതെ ഈ നോവൽ കടന്നു പോകില്ല എന്നുറപ്പ് . ഈ നോവലിന്റെ ഭാഷയും അതിലെ സാഹചര്യങ്ങളും മുതിർന്നവർക്ക് മാത്രം ദഹിക്കുന്നതാണ്. കുട്ടികൾക്ക് ഈ പുസ്തകം യോജിക്കില്ല.