Thursday, May 14, 2015

പുസ്തകം 8: ഒരു ദേശത്തിന്റെ കഥ



മലയാളിക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ലാത്ത നോവലാണ്‌ "ഒരു ദേശത്തിന്റെ കഥ". സഞ്ചാര സാഹിത്യകാരനായ S K പൊറ്റക്കാടിന്റെ മാസ്റ്റര്‍ പീസ്‌ എന്ന് പറയാവുന്ന നോവലാണ്‌ ഒരു ദേശത്തിന്റെ കഥ. വളരെ ചെറുപ്പത്തില്‍ സ്കൂള്‍ കാലത്ത് ഒരിക്കല്‍ വായിച്ച ഈ നോവല്‍ വീണ്ടും ഒന്നുകൂടെ വായിക്കണമെന്ന് തോന്നിയത് അടുത്ത കാലത്താണ്. കുട്ടിക്കാലത്ത് വായിച്ചപ്പോള്‍ നോവലിന്റെ ആഴവും അത് പ്രവാസിയായ ഒരു മലയാളിയില്‍ ഉണ്ടാകാവുന്ന സ്വാധീനവും ഒന്നും തന്നെ വ്യക്തമായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് ഈ നോവല്‍ വായിക്കുമ്പോള്‍ പലയിടങ്ങളിലും ചെറു ചിരിയും, മറ്റിടങ്ങളില്‍ നഷ്ട ബോധവും, ഒടുക്കം മനസ്സില്‍ ഒരു നേര്‍ത്ത വിങ്ങലും അനുഭവപ്പെട്ടു.

കഴിഞ്ഞ ഏതാനം ദശകങ്ങളില്‍ ജനിച്ച മലയാളിക്ക് മനസ്സിനോട് അടുത്ത് നില്‍ക്കുന്ന നായകന്മാരാണ് ശ്രീധരനും, ദാസനും. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ വായിച്ചപ്പോള്‍ ദാസനോട് പ്രണയം തോന്നാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടാകില്ല. എന്നാല്‍ ഒരു ദേശത്തിന്റെ കഥയിലെ ശ്രീധരനോട് പ്രണയമല്ല, മറിച്ച് ഒരു തരം ഏകതാ ബോധമാണ് ഉണ്ടാകുന്നത്. അപകര്‍ഷതാ ബോധവും, കണക്കിനോടുള്ള ഭയവും, കുസൃതിയും, അച്ഛനോടുള്ള ഭക്തിയും, ചില്ലറ തല്ലുകൊള്ളിത്തരങ്ങളും, അല്പം സാഹിത്യത്തിന്റെ അസുഖവുമെല്ലാമുള്ള ഒരു ശ്രീധരന്‍ എല്ലാ മലയാളിയുടെ ഉള്ളിലും ഒളിച്ചിരിപ്പുണ്ടാകും. ഈ ഏകതാ ബോധമായിരിക്കണം ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ ഇത്രയും ഹൃദ്യമാക്കി തീര്‍ത്തത്. 

ശ്രീധരന്റെ കഥ എന്നതിലുപരിയായി അതിരാണിപ്പാടത്തെ നൂറുകണക്കിന് ആള്‍ക്കാരുടെ ജീവിത കഥകൂടിയാണീ നോവല്‍. മലബാറിന്റെ ഹൃദയത്തില്‍ മായാത്ത മുറിവുകള്‍ ഉണ്ടാക്കിയ മാപ്പിള ലഹളയെക്കുറിച്ചും, സ്വാതന്ത്ര്യ സമരത്തിന്റെ അവസാന ഘട്ടത്തെക്കുറിച്ചുമെല്ലാം ഈ നോവലില്‍ പരാമര്‍ശമുണ്ട്. ആ വകയില്‍ ഇതൊരു ചരിത്ര നോവല്‍ ആണെന്ന് പറയാം. നോവലിനെ മനോഹരമാക്കുന്നത് അതിലെ ജീവന്‍ തുളുമ്പുന്ന കഥാപാത്രങ്ങളാണ്. സത്യസന്ധനായ കൃഷ്ണന്‍ മാസ്ടരും, ബസ്രയായും, പെയിന്ററായും, ഗാന്ധിയനായും മാറുന്ന തരികിടയായ കുഞ്ഞപ്പുവും, ഒരിക്കല്‍ ചെയ്ത തെറ്റിന് ജീവിതകാലം മുഴുവന്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഗോപാലേട്ടനും, പല തലമുറകള്‍ സമ്പാദിച്ച സ്വത്ത് മുഴുവന്‍ ഒരു ആയുസ്സില്‍ മുടിച്ച കുഞ്ഞി കേളു മേലാനും, ആശാരി മാധവനും.. അങ്ങനെ എത്രയെത്രെ കഥാപാത്രങ്ങള്‍. 

ഹാസ്യമാണ് നോവലിന്റെ സ്ഥായീ ഭാവം. സപ്പര്‍ സര്‍ക്കീട്ട് സെറ്റിന്റെ ലീലാ വിലാസങ്ങള്‍ ആരെയും ചിരിപ്പിക്കും. അതോടൊപ്പം തന്നെ, ഇത്ര സംഭവ ബഹുലമായ ഒരു യുവത്വം ഉണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിച്ചു പോകുകയും ചെയ്യും. ജനിച്ച ഗ്രാമത്തില്‍ നിന്ന് പഠനത്തിനായും, ജോലിക്കായും പറിച്ചു നടപ്പെടുന്ന, എന്റെ തലമുറയ്ക്ക് ഈ നോവല്‍ കടുത്ത നഷ്ടബോധം സമ്മാനിക്കും. എങ്കിലും, ഈ നോവല്‍ വായിച്ചു കൊണ്ടിരുന്ന സമയത്തെങ്കിലും, എനിക്ക് ചുറ്റും ഒരു സമാന്തര ലോകം സൃഷ്ടിക്കപെട്ടു. കുഞ്ഞപ്പുവും, മാധവനും, ശ്രീധരനും എല്ലാം എനിക്ക് പരിചയക്കാരായി. സത്യത്തില്‍ അത് തന്നെയാണ് ഈ നോവലിനെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കുന്നത്.

വായിക്കാന്‍ എടുത്ത സമയം: 1 ആഴ്ച

2 comments:

  1. കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ചതാണ് ദേശത്തിന്റെ കഥ. ഇപ്പോള്‍ ഒന്നുകൂടെ വായിച്ചാല്‍ എന്തെങ്കിലും പുതുമ തോന്നുമായിരിക്കും. അല്ലെങ്കില്‍ പഴമ തോന്നുമായിരിക്കും

    ReplyDelete