Monday, April 6, 2015

പുസ്തകം 7: മാല്‍ഗുഡിയിലെ കടുവ


മാല്‍ഗുഡി കഥകളിലൂടെ പ്രശസ്തനായ ആര്‍ കെ നാരായണന്‍ എഴുതിയ “A Tiger For Malgudi” എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് മാല്‍ഗുഡിയിലെ കടുവ. കുട്ടിക്കാലത്ത് സ്വാമിയും കൂട്ടുകാരും വായിച്ചു രസിച്ച ഓര്‍മ്മകള്‍ മാല്‍ഗുഡിയിലെ കടുവ വായിച്ചപ്പോള്‍ തിരിച്ചു വന്നു. കുട്ടികള്‍ളുടെ എഴുത്തുകാരനാണെങ്കിലും ഏതു പ്രായക്കാര്‍ക്കും വായിച്ച് രസിക്കാവുന്ന ആഖ്യാന ശൈലിയാണ് ആര്‍ കെ നാരായണന്റെത്. ഡി സി ബുക്സ് പുറത്തിറക്കിയ വിവര്‍ത്തനം തയാറാക്കിയിരിക്കുന്നത് പി.പ്രകാശ് ആണ്. 

ഈ നോവലില്‍ കടുവയാണ് തന്റെ കഥ പറയുന്നത്. വനത്തില്‍ അലഞ്ഞു നടന്നിരുന്ന കടുവ മറ്റൊരു പെണ്‍ കടുവയുമായി പ്രണയത്തിലാകുന്നു. അവര്‍ കുഞ്ഞുങ്ങളുമായി ജീവിക്കുമ്പോള്‍, വേട്ടക്കാര്‍ കഥാനായകന്‍റെ ഭാര്യയേയും മക്കളെയും വേട്ടയാടി കൊല്ലുന്നു. പ്രതികാരദാഹിയായ നമ്മുടെ കടുവ, ഗ്രാമത്തിലേയ്ക്ക് കടന്നു പശുക്കളെയും മറ്റും കൊന്നൊടുക്കി ഗ്രാമീണരെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിരത്തുന്നു. അവിടെ നിന്നും, “ക്യാപ്റ്റന്‍” എന്ന് വിളിക്കപ്പെടുന്ന ഒരു പരിശീലകന്‍ നമ്മുടെ കടുവയെ പിടികൂടി സര്‍ക്കസില്‍ എത്തിക്കുന്നു. അവിടെ വച്ച് നമ്മുടെ കടുവയ്ക്കു വളരെ വലിയ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നു. പട്ടിണിയും ചാട്ടവാറടിയും മുതല്‍ ഇലക്ട്രിക്‌ ഷോക്ക് വരെ ശിക്ഷാ നടപടികളില്‍ പെട്ടിരുന്നു. അത് വായിക്കുമ്പോള്‍ അറിയാതെ നമ്മുടെ കണ്ണ് നിറഞ്ഞു പോകും. മനുഷ്യന്റെ നേരം പോക്കിനായി, എത്ര ക്രൂരമായാണ് സര്‍ക്കസ് മൃഗങ്ങള്‍ ശിക്ഷിക്കപ്പെടുന്നത്! 

പൊതുവേ ശാന്ത സ്വഭാവിയാണെങ്കിലും പീഡനം സഹിക്ക വയ്യാതെ നമ്മുടെ കടുവയ്ക്ക് ക്യാപ്റ്റനെ കൊല്ലേണ്ടി വരുന്നു. അവിടെ നിന്നും രക്ഷപെട്ടു ഓടുന്ന കടുവയ്ക്കു മുന്നില്‍ ഒരു രക്ഷകന്‍ പ്രത്യക്ഷപ്പെടുന്നു. പിന്നീട് കടുവയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അത്ഭുതാവഹമായ മാറ്റങ്ങളാണ് കഥയുടെ ഇതിവൃത്തം. 

ഈ നോവലില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഒഴുകി പോകുന്ന, തട്ടും തടവുമില്ലാത്ത ഭാഷയാണ്‌. ആര്‍ കെ നാരായണനെ പോലെയുള്ള ഒരു ജീനിയസ്സിന്റെ പുസ്തകത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ഒന്നാണത്. എല്ലാ സന്ദര്‍ഭങ്ങളിലും നര്‍മത്തിന്റെ മേമ്പൊടി ചേര്‍ക്കാന്‍ അദ്ദേഹത്തിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ്. ചങ്കില്‍ കൊള്ളുന്ന കാര്യങ്ങള്‍ പോലും, ഫലിതം ചേര്‍ത്താണ് നോവലില്‍ വിവരിച്ചിരിക്കുന്നത്. സര്‍ക്കസ് കൂടാരത്തിലെ ക്രൂരമായ ശിക്ഷാ നടപടികള്‍ കൊച്ചു കുട്ടികള്‍ക്ക് വായിക്കാന്‍ പറ്റിയതല്ലെന്ന് എനിക്ക് തോന്നി. എന്നാല്‍ കൌമാരത്തിലെയ്ക്കു കടക്കുന്ന കുട്ടികളില്‍ സഹാനുഭൂതിയും സഹ ജീവികളോടു സ്നേഹവും കാണിക്കേണ്ടത്തിന്റെ ആവശ്യകത ഈ പുസ്തകം ഊട്ടിയുറപ്പിക്കും എന്ന് തീര്‍ച്ച.

പുസ്തകം വായിക്കനെടുത്ത സമയം : 4 ദിവസം

2 comments:

  1. നല്ല കുറിപ്പ്. കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈസ്കൂളില്‍ ഏതോ ഒരു ക്ലാസില്‍ ഈ കടുവയുടെ ആത്മകഥയുടെ ഒരു ഭാഗം പഠിക്കാനുണ്ടായിരുന്നല്ലോ

    ReplyDelete